Monday, November 22, 2010

വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍.








ഞങ്ങളുടെ കൂടുകള്‍
ഇന്നലെകളുടെ വഴിമരങ്ങളിലായിരുന്നു..
ഇലകളുടെ നനുത്ത പച്ചപ്പില്‍
പൂക്കളുടെ ചിരികള്‍ കണി കണ്ട പ്രഭാതങ്ങള്‍..

തീപോലുരുകിയ മദ്ധ്യാന്ഹങ്ങള്‍
ഇലകളുടെ പച്ച ഞരമ്പുകളില്‍
ദൈന്യതയുടെ മഞ്ഞളിപ്പ് പടര്‍ത്തേ ..
ചക്രവാളം നോക്കി
ഞങ്ങള്‍ ചിറകുകള്‍ നീര്‍ത്തി...
ദേശാടനക്കിളികളായ് ...

സായന്തങ്ങളിലേക്ക്
ഓര്‍മ്മകളുടെ തണുത്ത കാറ്റ്..

ചിറകൊതുക്കി പതുങ്ങിയിരിക്കാന്‍
കൂടുകള്‍ തേടവേ..
വേരുകള്‍ പോലുമന്യമായ
വഴിമരങ്ങളുടെ
സ്മൃതി മണ്ഡപങ്ങള്‍
പല്ലിളിക്കുന്നു...
വളരുന്ന മെട്രോയുടെ പരസ്യചിഹ്നങ്ങളായ്

Tuesday, September 7, 2010

ഓര്‍മ്മകള്‍




















ഒളിച്ചിരിക്കുകയായിരുന്നു
..
കാടിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞ്
മല മടക്കുകള്‍ക്കുള്ളില്‍ നിന്നെപ്പോഴോ പുറപ്പെട്ടു..
ഓര്‍മ്മകള്‍ പതറുന്നു...

താഴെയ്ക്കെത്തവേ
ചോര പൊടിയുന്നുണ്ടായിരുന്നു..
നോവുന്നുണ്ടായിരുന്നു.. ചെറുതായി..
ആര്‍ത്തലച്ചു ചിരിച്ചു, പക്ഷേ, മനസ്..

ഓര്‍മ്മകള്‍ വരണ്ട കൈവഴികളാകുന്നു...
തണുപ്പെന്ന മോഹവും ഉരുകിയകലുന്നു..

സ്വപ്നങ്ങളില്‍ നിന്നു പോലും
പടിയിറക്കപ്പെടുന്ന മലകളെ കണ്ട്
തീക്കാറ്റില്‍ ഉയിരകലുന്ന
പുല്‍നാമ്പുകളെപ്പോലും ഭയന്ന് ..
ഒളിച്ചിരിക്കുന്നു...
ഒരു കുപ്പിയുടെ തടവറയില്‍...









Friday, September 3, 2010

സത്യം

മനസിന്റെ കാണാക്കോണുകളില്‍
അഗ്നി പടരുമ്പോള്‍
പൂമുഖത്തെരിയുന്ന നിലവിളക്കില്‍
കരിന്തിരി പുകയുന്നു..

പുക നിറഞ്ഞ മനസിന്റെ
കരിപിടിച്ച ചുവരുകളില്‍
എണ്ണ കരിഞ്ഞ കല്‍വിളക്കുകളുടെ
നിശ്വാസങ്ങള്‍ ചുട്ടുപൊള്ളുന്നു.

കാലം തെറ്റി വന്ന മഴ
പിന്മുറ്റത്ത് പെയ്തു നിറയുമ്പോള്‍
കവിളിലേയ്ക്കെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍
ഇടയില്‍ വച്ചെപ്പോഴോ നീരാവിയാകുന്നു ...

മനസിന്റെ വിങ്ങലുകള്‍
വിരലുകളിലേയ്ക്ക്
വിറയലായ് പടരുമ്പോള്‍
ഉള്ളുരുക്കിയിറങ്ങുന്ന സോമരസത്തിനു
ആത്മവിശ്വാസത്തിന്റെ പരിശുദ്ധി ..

ഇന്നിന്റെ ശരിയായി
സ്വയം അവരോധിക്കുമ്പോള്‍
അനുരാഗത്തിന്റെ നിമ്നോന്നതങ്ങള്‍
മാംസദാഹത്തിന പ്പുറത്തെവിടെയോ
അപ്രത്യക്ഷമാകുന്നു...

എങ്കിലും...
ഇപ്പോഴും മാറാതെ നില്‍ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...

Wednesday, April 1, 2009

ചിലന്തി


ചിലന്തി വല നെയ്യുകയാണ്
ചതിയുടെ പശിമയുള്ള
വെള്ളി നൂലിഴകള്‍ കൊണ്ട്

സാധു ജീവിതങ്ങള്‍
പിടഞ്ഞൊടുങ്ങുമ്പോള്‍
അവന്റെ ചിരി ഉച്ചത്തിലാവുന്നു

മൃതിയുടെ താളത്തില്‍
ചതിയുടെ സംഗീതം
ഇടറുന്ന തേങ്ങലുകളുടെ
കഴുത്തറക്കുന്നു......

Monday, August 18, 2008

അഗ്നിതാരങ്ങള്‍


പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

Wednesday, August 13, 2008

പ്രാര്‍ത്ഥന

നീ എനിക്കാരാണ് ദേവി?
എന്‍റെ നാടിന്നും ആര് നീ ദേവി?
ഏത് തിരുജടയ്ക്കുള്ളില്‍ ഒളിച്ചു നീ
ആരുടെ വിളികേട്ടിവിടെ വന്നു?
നിനക്കായ്‌ തപം നോറ്റതേത് രാജര്‍ഷി
ഇന്നു നിന്നെ തപിപ്പിപ്പതേതു മഹാരഥര്‍?
പുണ്യശ്ലോകയായ് ഒഴുകിപ്പരന്നു നീ
പുണ്യമാക്കി ഈ ധര തന്നെയും.
നിന്‍റെ പുളിനങ്ങളില്‍ പൂത്തു നിന്നെന്നുമീ
മലയാണ്മ തന്നുടെ ഗന്ധസാരം.
നിന്നില്‍ മുങ്ങി ധ്യാന മന്ത്രം ജപിച്ച്ചെത്ര
പൂരുഷര്‍ പുണ്യ ശിരസ്കരായി
നീ മാറി ഈനാടിനാത്മാവുപോല്‍
ചരിത്ര സാംസ്കാരിക മണ്ഡലത്തില്‍
നിന്‍ പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നെത്ര
മനുജര്‍ പിതൃക്കള്‍ക്ക് പുണ്യമേറ്റി
എത്ര ചിതാഭസ്മ കലശങ്ങള്‍ നിന്നുടെ
മാറിലൂടൊഴുകി അകലെ മാഞ്ഞൂ
നേടി... ആ ആത്മാക്കള്‍ നിത്യമോക്ഷം
പക്ഷെ... നീ നേടി എന്തിന്നീ ശാപപര്‍വ്വം?
ഏതു മഹായോഗി നിന്നെ ശപിച്ചുപോയ്
ഇങ്ങനെ ഉരുകി ദഹിച്ചു തീരാന്‍?
നിന്‍റെ ഇരുകരകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും
കഥകള്‍, കിളിമൊഴികള്‍....
നര്‍മ്മലോകത്തിന്റെ തമ്പുരാന്മാര്‍ രണ്ടു-
പേര്‍ നിന്നിടംവലമുദിച്ചു നിന്നു
നിന്‍ നിറവു വാക്കാല്‍ വരച്ചു പുകള്‍ പെറ്റവര്‍്
എത്രയോ പേര്‍ നിന്‍റെ മക്കള്‍
കലകള്‍ തന്‍ നൂപുര സ്വരജതി ശ്രവിച്ചു നീ
ഒതുങ്ങി നിന്നാ കലാമണ്ടലത്തില്‍
നിന്‍ നീരുരവയാല്‍ ഫലപുഷ്ടിയാര്‍ജ്ജി-
ച്ചതെത്രയൊ നാടും നഗരങ്ങളും
ഇന്നു നിന്‍ യൌവന സുരഭില ചരിത്രമൊരു
പുസ്തകത്താളില്‍ ഒതുങ്ങി നില്‍പ്പൂ
ഒരു ജലസ്പര്‍ശനം കാത്തു കിടപ്പൂ നീ
അഹല്യയെപ്പോല്‍ ശാപമോക്ഷത്ത്തിനായ്
ചുട്ടുപൊളളുന്നൊരൂഷര ഭൂവായ്
നിന്നെ മാറ്റിയീ സംസ്കാര രഥ്യകള്‍
മാലിന്യ നിക്ഷേപ കേന്ദ്രമായ്ത്തീര്‍ന്നു നീ
നാനാ നിറങ്ങളില്‍ ഒഴുകി നീങ്ങി.
എങ്കിലും നിന്നെയീ ഉല്ഫുല്ല വിപണിയി-
ലൊരുല്പ്പന്നമായിട്ടുയര്‍ത്തി നിര്‍ത്തും
ഹീനരായ് ചപലരായ് മാറുമാത്മാക്കള്‍
നിന്‍ ഹൃദയരക്തം പിഴിഞ്ഞെടുക്കുന്നു
ആദിത്യ താപത്തില്‍ പെട്ട് നീയുരുകുമ്പോ-
ളുതിരുന്ന കണ്ണുനീര്‍ പോലും
വില്‍ക്കാന്‍ കരാറുകള്‍ എഴുതുന്നു മലയാളി
വന്‍രാഷ്ട്ര വ്യവസായ പരിഷകള്‍ക്കായ്
നെഞ്ഞിടം പൊട്ടിക്കരഞ്ഞുകൊണ്ടിന്നു നീ
തേടുന്ന തിരുജട ഏതു ദേവി....
നിന്‍ ദൈന്യം കണ്ടവര്‍ ആരോ.. അരുമയായ്
ചൊല്ലീ...നിള മരിക്കുന്നൂ....
അവരുടെ വാക്കുകള്‍ ഒരു നവ്യ ശസ്ത്രമായ്
എന്നകതാരില്‍ തറയ്ക്കേ...
ഒരു മൃഗതൃഷ്ണയായ് ഈ ധര വിട്ടു നീ
അകലേയ്ക്കെവിടെയൊ മാഞ്ഞുപോവേ
ഒരു നിത്യമോക്ഷം കൊതിക്കുന്ന ഹൃദയ-
ത്തിലഗ്നി പടരുന്നതറിയുന്നു ഞാന്‍..
ആത്മാവിന്നണിവിരലില്‍ പവിത്രം ധരിച്ചുകൊ-
ന്ടതിനായ് നിനക്കുദകമേകുന്നു ഞാന്‍..
എള്ളും പൂവും നീരിറ്റിച്ചിന്നു ഞാന്‍
മന്ത്രങ്ങളോരോന്നുരുവിടുമ്പോള്‍ ....
മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഇതു മാത്രം...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...

Tuesday, August 12, 2008

നെയ് വിളക്ക്












തുഞ്ചന്‍റെ പൈങ്കിളി പാടിയിറങ്ങുമീ
കര്‍ക്കിടക സന്ധ്യ തന്‍ അങ്കണത്തില്‍
നെയ് വിളക്കായിട്ടെരിഞ്ഞു നില്‍ക്കുന്നൊരു
തപ്ത ഹൃദന്തത്തെ ഞാനറിഞ്ഞു
പറയാന്‍ മറന്നു പോയ് മാമുനി പോലുമീ
ലക്ഷ്മണ പത്നിയാം ഊര്‍മ്മിളയെ...
കൌമാര കൌതുകം വിട്ടൊഴിയും മുന്‍പേ
അന്തഃപുരം തന്നിലേകയായി...
രാജമാതാക്കളെ സ്നേഹിച്ചു സേവിച്ച്
ഈരേഴു സംവല്‍സരങ്ങള്‍ പോക്കി..
ലക്ഷ്മണ പാദങ്ങള്‍ മാനസം കൊണ്ട-
വളെന്നുമനുയാത്ര ചെയ്തിരുന്നു..
രാജശ്രീയായി, അയോദ്ധ്യയില്‍ നിന്നവള്‍
ശ്രീലക്ഷ്മി സീതയകന്ന നേരം
എത്തിയില്ലാരുമവള്‍ തന്‍ നികടത്തില്‍
ലക്ഷ്മണ സന്ദേശവാഹകരായ്
കര്‍ത്തവ്യ നിരതനാം പതി തന്‍റെ പത്നിയായ്
അന്തഃപുരത്തിലവളൊതുങ്ങി
പരിഭവമില്ല, പരാതികളില്ല..
സുമിത്രതന്‍ മാര്‍ഗ്ഗേ അവള്‍ ചരിച്ചു..
സീതാ പരിത്യാഗം ചെയ്തൊരാ ശ്രീരാമന്‍
ലക്ഷ്മണനെയും പരിത്യജിച്ചു
സരയുതന്മാറില്‍ അഭയം തിരഞ്ഞവന്‍
ഊര്‍മ്മിള,യിവളെ മറന്നതെന്തേ..
ഇള തന്‍റെ നിഴലായി മാത്രമോതുങ്ങിയ
ജാനകി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു..
നെയ് വിളക്കായി തെളിയുന്നു നീ
എന്‍റെ മനസിന്‍റെ ഉമ്മറത്തെന്നുമെന്നും..