Tuesday, August 12, 2008

നെയ് വിളക്ക്












തുഞ്ചന്‍റെ പൈങ്കിളി പാടിയിറങ്ങുമീ
കര്‍ക്കിടക സന്ധ്യ തന്‍ അങ്കണത്തില്‍
നെയ് വിളക്കായിട്ടെരിഞ്ഞു നില്‍ക്കുന്നൊരു
തപ്ത ഹൃദന്തത്തെ ഞാനറിഞ്ഞു
പറയാന്‍ മറന്നു പോയ് മാമുനി പോലുമീ
ലക്ഷ്മണ പത്നിയാം ഊര്‍മ്മിളയെ...
കൌമാര കൌതുകം വിട്ടൊഴിയും മുന്‍പേ
അന്തഃപുരം തന്നിലേകയായി...
രാജമാതാക്കളെ സ്നേഹിച്ചു സേവിച്ച്
ഈരേഴു സംവല്‍സരങ്ങള്‍ പോക്കി..
ലക്ഷ്മണ പാദങ്ങള്‍ മാനസം കൊണ്ട-
വളെന്നുമനുയാത്ര ചെയ്തിരുന്നു..
രാജശ്രീയായി, അയോദ്ധ്യയില്‍ നിന്നവള്‍
ശ്രീലക്ഷ്മി സീതയകന്ന നേരം
എത്തിയില്ലാരുമവള്‍ തന്‍ നികടത്തില്‍
ലക്ഷ്മണ സന്ദേശവാഹകരായ്
കര്‍ത്തവ്യ നിരതനാം പതി തന്‍റെ പത്നിയായ്
അന്തഃപുരത്തിലവളൊതുങ്ങി
പരിഭവമില്ല, പരാതികളില്ല..
സുമിത്രതന്‍ മാര്‍ഗ്ഗേ അവള്‍ ചരിച്ചു..
സീതാ പരിത്യാഗം ചെയ്തൊരാ ശ്രീരാമന്‍
ലക്ഷ്മണനെയും പരിത്യജിച്ചു
സരയുതന്മാറില്‍ അഭയം തിരഞ്ഞവന്‍
ഊര്‍മ്മിള,യിവളെ മറന്നതെന്തേ..
ഇള തന്‍റെ നിഴലായി മാത്രമോതുങ്ങിയ
ജാനകി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു..
നെയ് വിളക്കായി തെളിയുന്നു നീ
എന്‍റെ മനസിന്‍റെ ഉമ്മറത്തെന്നുമെന്നും..







7 comments:

മാംഗ്‌ said...

അധികം ചർച്ച ചെയ്യപ്പെടാതെ പൊയ കഥാപാത്രമാനു ഊർമ്മിള
അർഹിക്കുന്ന അംഗ്ഗീകാരം ലഭിക്കാതെ പൊയ ഉജ്ജ്വല സ്ത്രീ രത്നം
ഒരു നല്ല കവി യാണു താൻ അല്ലെങ്കിൽ തന്നിലൊരു നല്ല കവി ഉണ്ടു എന്നു തെളിയിക്കുന്ന വരികൾ

Shibin said...

ഊര്‍മിള എന്ന രാമായണ കഥാപാത്രം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു...ഞാന്‍ ഇതിനു മുന്‍പ്‌ ഊര്‍മിള യുടെ മാനസികാവസ്ഥ ചര്‍ച്ച ചെയ്യുന്ന ഒരു നോവല്‍ വായിച്ചിട്ടുണ്ട്‌. അതിനു ശേഷം
നേയ് വിളക്ക് ആണ് വായിക്കുന്നത്‌...തീര്‍ച്ചയായും ഊര്‍മിളയുടെ മാനസികാവസ്ഥ വായനക്കാരി ലേക്ക് പകര്‍ന്നു
നല്‍കാന്‍ കഴിയുന്ന കുറച്ചു വരികള്‍ പ്രതീക്ഷിക്കുന്നു.... എഴുത്തുകാരിക്ക് അതിനു കഴിയും എന്നു തന്നെ വിശ്വസിക്കുന്നു.......

രാധേശ്യാം said...

ഉജ്ജ്വലം...!!

രാധേശ്യാം said...
This comment has been removed by the author.
രാധേശ്യാം said...
This comment has been removed by the author.
Unknown said...

kavitha vaykanamennund. dayavayi dark back ground or font colour matamo. 2 colourum dark ayathukondu vayikan valiya budhimut.

Unknown said...

വളരെ മനോഹരമായിരിക്കുന്നു.