Monday, August 18, 2008

അഗ്നിതാരങ്ങള്‍


പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

Wednesday, August 13, 2008

പ്രാര്‍ത്ഥന

നീ എനിക്കാരാണ് ദേവി?
എന്‍റെ നാടിന്നും ആര് നീ ദേവി?
ഏത് തിരുജടയ്ക്കുള്ളില്‍ ഒളിച്ചു നീ
ആരുടെ വിളികേട്ടിവിടെ വന്നു?
നിനക്കായ്‌ തപം നോറ്റതേത് രാജര്‍ഷി
ഇന്നു നിന്നെ തപിപ്പിപ്പതേതു മഹാരഥര്‍?
പുണ്യശ്ലോകയായ് ഒഴുകിപ്പരന്നു നീ
പുണ്യമാക്കി ഈ ധര തന്നെയും.
നിന്‍റെ പുളിനങ്ങളില്‍ പൂത്തു നിന്നെന്നുമീ
മലയാണ്മ തന്നുടെ ഗന്ധസാരം.
നിന്നില്‍ മുങ്ങി ധ്യാന മന്ത്രം ജപിച്ച്ചെത്ര
പൂരുഷര്‍ പുണ്യ ശിരസ്കരായി
നീ മാറി ഈനാടിനാത്മാവുപോല്‍
ചരിത്ര സാംസ്കാരിക മണ്ഡലത്തില്‍
നിന്‍ പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നെത്ര
മനുജര്‍ പിതൃക്കള്‍ക്ക് പുണ്യമേറ്റി
എത്ര ചിതാഭസ്മ കലശങ്ങള്‍ നിന്നുടെ
മാറിലൂടൊഴുകി അകലെ മാഞ്ഞൂ
നേടി... ആ ആത്മാക്കള്‍ നിത്യമോക്ഷം
പക്ഷെ... നീ നേടി എന്തിന്നീ ശാപപര്‍വ്വം?
ഏതു മഹായോഗി നിന്നെ ശപിച്ചുപോയ്
ഇങ്ങനെ ഉരുകി ദഹിച്ചു തീരാന്‍?
നിന്‍റെ ഇരുകരകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും
കഥകള്‍, കിളിമൊഴികള്‍....
നര്‍മ്മലോകത്തിന്റെ തമ്പുരാന്മാര്‍ രണ്ടു-
പേര്‍ നിന്നിടംവലമുദിച്ചു നിന്നു
നിന്‍ നിറവു വാക്കാല്‍ വരച്ചു പുകള്‍ പെറ്റവര്‍്
എത്രയോ പേര്‍ നിന്‍റെ മക്കള്‍
കലകള്‍ തന്‍ നൂപുര സ്വരജതി ശ്രവിച്ചു നീ
ഒതുങ്ങി നിന്നാ കലാമണ്ടലത്തില്‍
നിന്‍ നീരുരവയാല്‍ ഫലപുഷ്ടിയാര്‍ജ്ജി-
ച്ചതെത്രയൊ നാടും നഗരങ്ങളും
ഇന്നു നിന്‍ യൌവന സുരഭില ചരിത്രമൊരു
പുസ്തകത്താളില്‍ ഒതുങ്ങി നില്‍പ്പൂ
ഒരു ജലസ്പര്‍ശനം കാത്തു കിടപ്പൂ നീ
അഹല്യയെപ്പോല്‍ ശാപമോക്ഷത്ത്തിനായ്
ചുട്ടുപൊളളുന്നൊരൂഷര ഭൂവായ്
നിന്നെ മാറ്റിയീ സംസ്കാര രഥ്യകള്‍
മാലിന്യ നിക്ഷേപ കേന്ദ്രമായ്ത്തീര്‍ന്നു നീ
നാനാ നിറങ്ങളില്‍ ഒഴുകി നീങ്ങി.
എങ്കിലും നിന്നെയീ ഉല്ഫുല്ല വിപണിയി-
ലൊരുല്പ്പന്നമായിട്ടുയര്‍ത്തി നിര്‍ത്തും
ഹീനരായ് ചപലരായ് മാറുമാത്മാക്കള്‍
നിന്‍ ഹൃദയരക്തം പിഴിഞ്ഞെടുക്കുന്നു
ആദിത്യ താപത്തില്‍ പെട്ട് നീയുരുകുമ്പോ-
ളുതിരുന്ന കണ്ണുനീര്‍ പോലും
വില്‍ക്കാന്‍ കരാറുകള്‍ എഴുതുന്നു മലയാളി
വന്‍രാഷ്ട്ര വ്യവസായ പരിഷകള്‍ക്കായ്
നെഞ്ഞിടം പൊട്ടിക്കരഞ്ഞുകൊണ്ടിന്നു നീ
തേടുന്ന തിരുജട ഏതു ദേവി....
നിന്‍ ദൈന്യം കണ്ടവര്‍ ആരോ.. അരുമയായ്
ചൊല്ലീ...നിള മരിക്കുന്നൂ....
അവരുടെ വാക്കുകള്‍ ഒരു നവ്യ ശസ്ത്രമായ്
എന്നകതാരില്‍ തറയ്ക്കേ...
ഒരു മൃഗതൃഷ്ണയായ് ഈ ധര വിട്ടു നീ
അകലേയ്ക്കെവിടെയൊ മാഞ്ഞുപോവേ
ഒരു നിത്യമോക്ഷം കൊതിക്കുന്ന ഹൃദയ-
ത്തിലഗ്നി പടരുന്നതറിയുന്നു ഞാന്‍..
ആത്മാവിന്നണിവിരലില്‍ പവിത്രം ധരിച്ചുകൊ-
ന്ടതിനായ് നിനക്കുദകമേകുന്നു ഞാന്‍..
എള്ളും പൂവും നീരിറ്റിച്ചിന്നു ഞാന്‍
മന്ത്രങ്ങളോരോന്നുരുവിടുമ്പോള്‍ ....
മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഇതു മാത്രം...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...

Tuesday, August 12, 2008

നെയ് വിളക്ക്
തുഞ്ചന്‍റെ പൈങ്കിളി പാടിയിറങ്ങുമീ
കര്‍ക്കിടക സന്ധ്യ തന്‍ അങ്കണത്തില്‍
നെയ് വിളക്കായിട്ടെരിഞ്ഞു നില്‍ക്കുന്നൊരു
തപ്ത ഹൃദന്തത്തെ ഞാനറിഞ്ഞു
പറയാന്‍ മറന്നു പോയ് മാമുനി പോലുമീ
ലക്ഷ്മണ പത്നിയാം ഊര്‍മ്മിളയെ...
കൌമാര കൌതുകം വിട്ടൊഴിയും മുന്‍പേ
അന്തഃപുരം തന്നിലേകയായി...
രാജമാതാക്കളെ സ്നേഹിച്ചു സേവിച്ച്
ഈരേഴു സംവല്‍സരങ്ങള്‍ പോക്കി..
ലക്ഷ്മണ പാദങ്ങള്‍ മാനസം കൊണ്ട-
വളെന്നുമനുയാത്ര ചെയ്തിരുന്നു..
രാജശ്രീയായി, അയോദ്ധ്യയില്‍ നിന്നവള്‍
ശ്രീലക്ഷ്മി സീതയകന്ന നേരം
എത്തിയില്ലാരുമവള്‍ തന്‍ നികടത്തില്‍
ലക്ഷ്മണ സന്ദേശവാഹകരായ്
കര്‍ത്തവ്യ നിരതനാം പതി തന്‍റെ പത്നിയായ്
അന്തഃപുരത്തിലവളൊതുങ്ങി
പരിഭവമില്ല, പരാതികളില്ല..
സുമിത്രതന്‍ മാര്‍ഗ്ഗേ അവള്‍ ചരിച്ചു..
സീതാ പരിത്യാഗം ചെയ്തൊരാ ശ്രീരാമന്‍
ലക്ഷ്മണനെയും പരിത്യജിച്ചു
സരയുതന്മാറില്‍ അഭയം തിരഞ്ഞവന്‍
ഊര്‍മ്മിള,യിവളെ മറന്നതെന്തേ..
ഇള തന്‍റെ നിഴലായി മാത്രമോതുങ്ങിയ
ജാനകി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു..
നെയ് വിളക്കായി തെളിയുന്നു നീ
എന്‍റെ മനസിന്‍റെ ഉമ്മറത്തെന്നുമെന്നും..പലായനം

നഷ്ടമാകുന്നെനിക്കിന്നെന്‍റെ ജീവിതം
നഷ്ടപ്പെടുന്നെനിക്കെന്‍റെ സ്വത്വം
അന്യമായ് തീരുന്നു ആകാശനീലിമ
അറിയാതെ പോകുന്നു തോട്ടയല്‍ക്കാര്‍...
കത്തുന്നു ആകാശം, കത്തുന്നു ഭൂമിയെന്‍-
ചുറ്റിലും കത്തുന്നു പച്ച ജീവന്‍
ചിതറിത്തെറിച്ചു കിടക്കുന്നു ചുറ്റിനും
മാനുഷര്‍ കഷണങ്ങള്‍ കഷണങ്ങളായ്
കരിയുന്ന മാംസത്തിന്‍ ഗന്ധം വഹിക്കുന്ന
കാറ്റിന്റെ ഭാവവും രാക്ഷ്സീയം
ഒരു കയ്യിലന്നവും മറുകയ്യിലായുധവു-
മേന്തിപ്പറക്കുന്നു ശാന്തിദൂതര്‍...
എന്‍റെ നാടെന്നുറക്കെ പറയുവാന്‍
വെമ്പുന്ന നെഞ്ചു പിളര്‍ക്കുന്നു കൊള്ളിയാന്‍
വെമ്പുന്ന നെഞ്ചു പിളര്‍ക്കുന്നു കൊള്ളിയാന്‍
കാലടിചോട്ടിലെ മണ്ണൂര്‍ന്നു പോകവേ
കാരാഗൃഹങ്ങളില്‍ സ്വപ്‌നങ്ങള്‍ തേങ്ങവേ
പൂവിന്‍റെ ഹൃദയം കരിഞ്ഞുണങ്ങീടവേ
പുഴകള്‍ മാറിലിന്നഗ്നിയുരുകവേ
നൊമ്പരപ്പൂവിന്നു നെഞ്ചോടടുക്കിയെന്‍
സംസ്കാര സ്മൃതികളും തോളിലേന്തി
യാത്ര പറഞ്ഞു പിരിയുവാനാവാതെ
തറവാട്ടുകെട്ടില്‍ വിതുമ്പി നില്‍ക്കെ
ജന്മജന്മാന്തര ബന്ധത്തിന്‍ കണ്ണികള്‍
പിന്‍വിളി വിളിക്കുന്ന പോലെ
പലായനം മഹാത്മാര്‍ഗവും ചൂണ്ടിയാ
വിശ്വരക്ഷകര്‍ മുന്നില്‍ ചിരിച്ചു നില്‍ക്കുമ്പോള്‍
ഇടറിത്തകര്‍നങ്ങു വീണു മറഞ്ഞുവെന്‍
ഇടനെഞ്ചിന്‍ പിന്‍ വിളികളുള്ളില്‍....

നഷ്‌ടങ്ങള്‍

എന്‍റെ യാത്രകളില്‍
പിന്‍തുടരുന്ന തേങ്ങലുകള്‍ക്ക്
മുഖങ്ങള്‍ ഇല്ലാതാകുന്നു.....
എന്‍റെ പാദങ്ങള്‍
നനവറിഞ്ഞപ്പോള്‍....
ഒഴുകിപ്പരന്നത്
രക്തസാക്ഷിയുടെ ഹൃദയം ......
നാവ് തളര്‍ന്നു കുഴയുമ്പോള്‍
കണ്ണുകളില്‍ വരളുന്ന ശൂന്യത.......
മനസിന്‍റെ പകര്‍ന്നാട്ടം
വന്യമായ രൌദ്രതയിലേക്ക്......
അധികാരത്തിന്‍റെ ഇടനാഴികളില്‍
ആരുടെയോ പരുക്കന്‍ ചുമ.....
ഭയപ്പാട് നിറയുന്ന മനസ്സുമായി
ആകാശം സ്വപ്നം കാണുന്നു....
എന്നോ നഷ്ടമായ നീലിമ.....
പൊഴിയുന്ന അപ്പക്കഷണങ്ങളില്‍
പടരുന്ന ചുവപ്പുരാശിയില്‍
സൂര്യശോഭയാര്‍ന്ന കുരുന്നു മുഖം
ആരെയോ തേടുന്നു.......
അപ്പക്കഷണങ്ങള്‍ക്കായി
കടിപിടി കൂട്ടുന്ന നായ്ക്കളുടെ ശബ്ദം
ഇടനാഴികളില്‍ പ്രതിധ്വനിക്കുന്നു ......
വിലപേശിയുറപ്പിക്കുന്ന കസേരകള്‍ക്ക്
ചോരയുടെ മടുപ്പിക്കുന്ന മണം......
അധികാരത്തിന്‍റെ ഉന്മത്തതയുടെ മണം.....
കുലത്തിന്‍റെ നന്മക്കായി
നീചനായ പുത്രനെ
ഉപേക്ഷിക്കാമെന്ന് ഭാരതവചനം .......
രാജ്യത്തിനായി സ്വന്തം
ജീവിതം മറന്ന അയോദ്ധ്യാപതി......
ഇതിഹാസമായ സ്വന്തം ജീവിതം
സന്ദേശമാക്കിയ പാവം ഗാന്ധിജി ......
രാജ്യത്തിനായി രക്തം ചീന്തിയ,
സ്വയം മറന്നു പോരാടിയ,
യഥാര്‍ത്ഥ ഭാരതീയര്‍ .........
ഇന്ന്,
സ്വാതന്ത്ര്യം സപ്തതിയിലേക്ക്......
പുരോഗതിയുടെ നാമധേയത്തില്‍
ഒരു ജനതയുടെ സ്വത്വം
അടിമത്തത്തിന്‍റെ കണാക്കയങ്ങളിലേക്ക് .........
നാളെ? ........
നമുക്കു പറയാം.....
ഇവിടെയൊരു സംസ്കാരമുണ്ടായിരുന്നു ........
നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച,
ലോകഃ സമസ്താഃ സുഖിനോ ഭവന്തു
എന്ന് പ്രാര്‍ത്ഥിച്ച........
ആര്‍ഷ ഭാരത സംസ്കാരം...........