Wednesday, August 13, 2008

പ്രാര്‍ത്ഥന

നീ എനിക്കാരാണ് ദേവി?
എന്‍റെ നാടിന്നും ആര് നീ ദേവി?
ഏത് തിരുജടയ്ക്കുള്ളില്‍ ഒളിച്ചു നീ
ആരുടെ വിളികേട്ടിവിടെ വന്നു?
നിനക്കായ്‌ തപം നോറ്റതേത് രാജര്‍ഷി
ഇന്നു നിന്നെ തപിപ്പിപ്പതേതു മഹാരഥര്‍?
പുണ്യശ്ലോകയായ് ഒഴുകിപ്പരന്നു നീ
പുണ്യമാക്കി ഈ ധര തന്നെയും.
നിന്‍റെ പുളിനങ്ങളില്‍ പൂത്തു നിന്നെന്നുമീ
മലയാണ്മ തന്നുടെ ഗന്ധസാരം.
നിന്നില്‍ മുങ്ങി ധ്യാന മന്ത്രം ജപിച്ച്ചെത്ര
പൂരുഷര്‍ പുണ്യ ശിരസ്കരായി
നീ മാറി ഈനാടിനാത്മാവുപോല്‍
ചരിത്ര സാംസ്കാരിക മണ്ഡലത്തില്‍
നിന്‍ പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നെത്ര
മനുജര്‍ പിതൃക്കള്‍ക്ക് പുണ്യമേറ്റി
എത്ര ചിതാഭസ്മ കലശങ്ങള്‍ നിന്നുടെ
മാറിലൂടൊഴുകി അകലെ മാഞ്ഞൂ
നേടി... ആ ആത്മാക്കള്‍ നിത്യമോക്ഷം
പക്ഷെ... നീ നേടി എന്തിന്നീ ശാപപര്‍വ്വം?
ഏതു മഹായോഗി നിന്നെ ശപിച്ചുപോയ്
ഇങ്ങനെ ഉരുകി ദഹിച്ചു തീരാന്‍?
നിന്‍റെ ഇരുകരകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും
കഥകള്‍, കിളിമൊഴികള്‍....
നര്‍മ്മലോകത്തിന്റെ തമ്പുരാന്മാര്‍ രണ്ടു-
പേര്‍ നിന്നിടംവലമുദിച്ചു നിന്നു
നിന്‍ നിറവു വാക്കാല്‍ വരച്ചു പുകള്‍ പെറ്റവര്‍്
എത്രയോ പേര്‍ നിന്‍റെ മക്കള്‍
കലകള്‍ തന്‍ നൂപുര സ്വരജതി ശ്രവിച്ചു നീ
ഒതുങ്ങി നിന്നാ കലാമണ്ടലത്തില്‍
നിന്‍ നീരുരവയാല്‍ ഫലപുഷ്ടിയാര്‍ജ്ജി-
ച്ചതെത്രയൊ നാടും നഗരങ്ങളും
ഇന്നു നിന്‍ യൌവന സുരഭില ചരിത്രമൊരു
പുസ്തകത്താളില്‍ ഒതുങ്ങി നില്‍പ്പൂ
ഒരു ജലസ്പര്‍ശനം കാത്തു കിടപ്പൂ നീ
അഹല്യയെപ്പോല്‍ ശാപമോക്ഷത്ത്തിനായ്
ചുട്ടുപൊളളുന്നൊരൂഷര ഭൂവായ്
നിന്നെ മാറ്റിയീ സംസ്കാര രഥ്യകള്‍
മാലിന്യ നിക്ഷേപ കേന്ദ്രമായ്ത്തീര്‍ന്നു നീ
നാനാ നിറങ്ങളില്‍ ഒഴുകി നീങ്ങി.
എങ്കിലും നിന്നെയീ ഉല്ഫുല്ല വിപണിയി-
ലൊരുല്പ്പന്നമായിട്ടുയര്‍ത്തി നിര്‍ത്തും
ഹീനരായ് ചപലരായ് മാറുമാത്മാക്കള്‍
നിന്‍ ഹൃദയരക്തം പിഴിഞ്ഞെടുക്കുന്നു
ആദിത്യ താപത്തില്‍ പെട്ട് നീയുരുകുമ്പോ-
ളുതിരുന്ന കണ്ണുനീര്‍ പോലും
വില്‍ക്കാന്‍ കരാറുകള്‍ എഴുതുന്നു മലയാളി
വന്‍രാഷ്ട്ര വ്യവസായ പരിഷകള്‍ക്കായ്
നെഞ്ഞിടം പൊട്ടിക്കരഞ്ഞുകൊണ്ടിന്നു നീ
തേടുന്ന തിരുജട ഏതു ദേവി....
നിന്‍ ദൈന്യം കണ്ടവര്‍ ആരോ.. അരുമയായ്
ചൊല്ലീ...നിള മരിക്കുന്നൂ....
അവരുടെ വാക്കുകള്‍ ഒരു നവ്യ ശസ്ത്രമായ്
എന്നകതാരില്‍ തറയ്ക്കേ...
ഒരു മൃഗതൃഷ്ണയായ് ഈ ധര വിട്ടു നീ
അകലേയ്ക്കെവിടെയൊ മാഞ്ഞുപോവേ
ഒരു നിത്യമോക്ഷം കൊതിക്കുന്ന ഹൃദയ-
ത്തിലഗ്നി പടരുന്നതറിയുന്നു ഞാന്‍..
ആത്മാവിന്നണിവിരലില്‍ പവിത്രം ധരിച്ചുകൊ-
ന്ടതിനായ് നിനക്കുദകമേകുന്നു ഞാന്‍..
എള്ളും പൂവും നീരിറ്റിച്ചിന്നു ഞാന്‍
മന്ത്രങ്ങളോരോന്നുരുവിടുമ്പോള്‍ ....
മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഇതു മാത്രം...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...
മോക്ഷം ലഭിക്കട്ടെ നിനക്കിനിയെന്കിലും...

1 comment:

രാധേശ്യാം said...

fantastic...!! really fantastic....!! ആത്മാര്‍ത്ഥത ഉടല്‍ പൂണ്ടവരികള്‍...ശാന്തവും സ്ഥിതവുമായ ഒരു മനസ്സില്‍ നിന്നുതിര്‍ന്ന കാവ്യമുത്തുകള്‍...സ്നേഹത്തിന്റേയും നന്ദിയുടെയും നിസ്സഹായതയുടെയും വേദനാജനകമായ ഒഴുക്ക്.... നിള ഇനിയെന്നും മനസ്സിലൂടൊഴും എന്നൊരു തോന്നല്‍....കവിതകള്‍ക്കൊരു ചൂഡാമണി...താങ്കളിലേ കവിത്ത്വം മഹത്ത്വമാര്‍ന്നതു തന്നെ... ആ മനസ്സിനെന്‍ ഹൃദയ പ്രണാമങ്ങള്‍.......u r great very great....